യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി

By News Desk, Malabar News
Kerala Budget 2019- 20
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്. 2019- 20 വർഷത്തെ ബജറ്റിനെതിരെയാണ് സിഎജിയുടെ വിമർശനം. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുണ്ടെന്ന് സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു. ബജറ്റിൽ ചെലവുകൾ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി.

നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയേക്കാൾ 2019- 20 വർഷം അധിക ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം, വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമല്ലാതെ ഉയർന്ന ഗ്രാൻഡുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.

മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണം പോലും മൂലധന ചെലവായി രേഖപ്പെടുത്തിയിരിക്കുന്നു എന്നും സിഎജി കുറ്റപ്പെടുത്തി.

ബജറ്റിൽ അനുവദിച്ച വിഹിതം പോലും ചെലവഴിക്കാത്തതിന് പുറമേ ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിക്കാതെ വിഭാഗങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പല വിഭാഗങ്ങളിലും മിച്ചം തുക ഉണ്ടായിട്ടുപോലും ബജറ്റ് മാനുവലിന് വിരുദ്ധമായി ഉപവകയിരുത്തൽ നടത്തിയതായും റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാണിക്കുന്നു.

ബജറ്റിന് യാഥാർഥ്യ ബോധമില്ലെന്നും സിഎജി രൂക്ഷമായി വിമർശിച്ചു. മുൻപ് നിയമസഭാ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയമാണ് ഇപ്പോൾ സിഎജി ശരിവെച്ചിരിക്കുന്നത്. ബജറ്റുമായി താരതമ്യം ചെയ്‌ത് ചെലവ് പുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിന് സർക്കാർ തയ്യാറായില്ല. അധിക ചെലവുകൾ കുറയ്‌ക്കുന്നതിൽ അടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശവും സിഎജി മുന്നോട്ടുവെച്ചു. നിയമസഭ അംഗീകരിച്ച ഗ്രാൻഡുകളേക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

Also Read: ട്വിസ്‌റ്റുമായി മരക്കാർ റിലീസ്; പ്രദർശിപ്പിക്കാൻ ഉപാധികളുമായി നിർമാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE