യുഎസ്- ഇറാൻ ചർച്ച പരാജയം; നിരാശരായി മടങ്ങുന്നുവെന്ന് ജെഡി. വാൻസ്‌

ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതായാണ് യുഎസ് ആരോപിക്കുന്നത്. എന്നാൽ, യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഇറാന്റെ പ്രതികരണം.

By Senior Reporter, Malabar News
JD Vance- US-Iran Talk
ജെഡി. വാൻസ്‌ (Image Courtesy: The Times of India)
Ajwa Travels

ഇസ്‌ലാമാബാദ്: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയം. സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിപ്പിച്ചതായും തങ്ങൾ മടങ്ങുകയാണെന്നും യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതായി വാൻസ്‌ പറഞ്ഞു.

പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ ഇസ്‌ലാമാബാദിൽ 21 മണിക്കൂറോളം നീണ്ടുനിന്ന മാരത്തൺ ചർച്ചയാണ് ഫലം കാണാതെ അവസാനിച്ചത്. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചു. നിലവിൽ കരാറുകൾ ഒന്നുമില്ലാതെ യുഎസ് പ്രതിനിധി സംഘം മടങ്ങുകയാണെന്നും ജെഡി. വാൻസ്‌ വ്യക്‌തമാക്കി.

അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികളും സ്‌ഥിരീകരിച്ചു. യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഇറാന്റെ പ്രതികരണം. ഹോർമുസ്, ആണവ വിഷയങ്ങളിൽ യുഎസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്‌തമാക്കി.

ഇറാൻ, യുഎസ് പ്രതിനിധി സംഘവുമായി പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെവ്വേറെ കൂടിക്കാഴ്‌ചകൾ നടത്തിയതിന് പിന്നാലെയാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഇസ്‌ലാമാബാദിൽ ചർച്ച ആരംഭിച്ചത്. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ നയിച്ച സംഘത്തിൽ ട്രംപിന്റെ മരുമകൻ ജറീദ് കഷ്‌ണറും പ്രത്യേക പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും ഉണ്ട്.

പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ബാലിബാഫാണ് ഇറാൻ സംഘത്തെ പ്രതിനിധീകരിച്ചത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സംഘത്തിലുണ്ടായിരുന്നു. ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്‌ചത്തെ വെടിനിർത്തലും അനിശ്‌ചിതത്വത്തിൽ തുടരുകയാണ്.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE