വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പിൻമാറി യുഎസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചതിന് ഒരുവർഷത്തിന് ശേഷമാണ് ഈ നടപടി. പിൻവാങ്ങുന്നതിന് ഒരുവർഷം മുൻപ് അതത് രാജ്യം നോട്ടീസ് നൽകണമെന്നാണ് നിയമം.
അതേസമയം, യുഎസ് 270 മില്യൺ ഡോളറിലധികം കുടിശിക നൽകാനുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് ഡിപ്പാർട്ട്മെന്റും (എച്ച്എസ്എസ്) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും യുഎസിന്റെ പിൻമാറ്റം സ്ഥിരീകരിച്ചു.
പ്രധാന ദൗത്യത്തിൽ നിന്ന് ലോകാരോഗ്യ സംഘടന വ്യതിചലിച്ചെന്നും പരിഷ്കരണം, ഉത്തരവാദിത്തം, സുതാര്യത എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും എച്ച്എസ്എസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഡ് 19 വൈറസ് ബാധ കൈകാര്യം ചെയ്ത കാര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച ഉണ്ടായെന്നായിരുന്നു യുഎസ് നിലപാട്.
കോവിഡിനെതിരെ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും പല കാര്യങ്ങളിലും യുഎസിന്റെ താൽപര്യങ്ങൾക്ക് എതിരായി ലോകാരോഗ്യ സംഘടന പ്രവർത്തിച്ചെന്നും യുഎസ് ആരോപിച്ചു.
ചൈന അടക്കമുള്ള രാജ്യങ്ങളേക്കാൾ കൂടുതൽ ഫണ്ട് യുഎസ് കൈമാറിയെന്നും എന്നാൽ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി ഒരു അമേരിക്കക്കാരനും സേവനം ചെയ്യാൻ അവസരം കിട്ടിയില്ലെന്നും യുഎസ് ആരോപിച്ചു.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു







































