ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (എച്ച്‌എംപിവി) ഇന്ത്യയിലെ ആദ്യ കേസ് കർണാടകയിൽ സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
കുട്ടിയുടെ രോഗം ഉറവിടം എവിടെ നിന്നെന്ന് വ്യക്‌തമല്ല. കുട്ടിക്ക് വിദേശയാത്രാ പശ്‌ചാത്തലം ഇല്ലെന്നാണ് വിവരം. പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതായി കർണാടക ആരോഗ്യവകുപ്പും സ്‌ഥിരീകരിച്ചിട്ടുണ്ട്. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്നും കർണാടക വ്യക്‌തമാക്കി. ബാപ്‌റ്റിസ്‌റ്റ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം, ചൈനയിൽ വ്യാപകമായ എച്ച്‌എംപിവിയുടെ അതേ വിഭാഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്ന് വ്യക്‌തമായിട്ടില്ല. എച്ച്‌എംപിവി ഇന്ത്യയിൽ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗനിർദ്ദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
കർണാടകയിലെ വൈറസ് സാന്നിധ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌ഥിരീകരിച്ചിട്ടുണ്ട്. വിദഗ്‌ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുമായി നിരന്തരം സമ്പർക്കത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. വൈറസിനെ നേരിടാൻ ഇന്ത്യ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം.
പനിയോ ചുമയോ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴുകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 2011 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട് ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്ര വ്യാപകമായി പടർന്നുപിടിച്ചിട്ടില്ല.
എച്ച്‌എംപിവി വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്‌സിനോ ലോകത്ത് ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിൽസ മാത്രമാണ് നൽകുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണകാരണമാകാം. ചൈനയിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക