ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്. എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് യോഗിയുടെ ന്യായീകരണം.
“ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഇത്രയും സമാധാനപരമായിരുന്നോ ബംഗാളിലെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് പിന്നാലെ അരാജകത്വമായിരുന്നു അവിടെ. ഒരുപാടാളുകള്‍ കൊല്ലപ്പെട്ടു. കേരളത്തിലെ സ്‌ഥിതിയും സമാനമായിരുന്നു. ഈ രണ്ട് സംസ്‌ഥാനങ്ങളിലുമാണ് അക്രമങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും നടക്കുന്നത്. വേറെ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്”- യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഈ അഞ്ചുവര്‍ഷം എന്തെങ്കിലും ആഘോഷങ്ങള്‍ നടത്തുന്നതില്‍ തടസമുണ്ടായോ? ഹിന്ദുക്കള്‍ സുരക്ഷിതരാണ്. അതുപോലെ മുസ്‌ലിങ്ങളും. ഞങ്ങള്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുന്നു. എല്ലാവര്‍ക്കും സമൃദ്ധിയും ബഹുമാനവും നല്‍കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. ഒരു തെറ്റുപറ്റിയാല്‍ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശ് എന്നാണ് യോഗിയുടെ പരാമർശം. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ് പറയുന്നു. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്‌ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് നിങ്ങൾ എനിക്ക് നൽകുന്ന വോട്ടിലൂടെ ചെയ്യുന്നതെന്നും യോഗി പറഞ്ഞു.
Read also: ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ