ന്യൂഡെൽഹി : മഞ്ഞുമല തകർന്ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ആളുകൾക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. അപകടത്തിൽ കാണാതായ 197 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. ഇവരിൽ ഏറെ പേരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്നവർ ആണെന്നാണ് വിലയിരുത്തുന്നത്. അപകടത്തെ തുടർന്ന് മരിച്ച 26 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
കൂടാതെ തപോവനിലെ തുരങ്കത്തിൽ കാണാതായ 35 പേർക്കായി തിരച്ചിൽ തുടരുകയാണ്. നിലവിൽ ചെളിയും മണ്ണും കൊണ്ട് അടഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. രണ്ടര കിലോമീറ്ററോളം നീളമുള്ള തുരങ്കത്തിൽ ചെളിയും മണ്ണും കൊണ്ട് മൂടിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്. ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര് ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയുണ്ടെന്ന് എൻഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാം തന്നെ അപകടം നടന്നതിന് ഏറെ ദൂരെ നിന്നുമായതിനാൽ വലിയ രീതിയിലുള്ള തിരച്ചിൽ തുടരേണ്ടി വരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പ്രളയത്തിൽ 5 പാലങ്ങൾ തകർന്നതിനാൽ 18 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. നദിക്കരയിൽ താമസിച്ചിരുന്നവരാണ് മരണമടഞ്ഞ ഗ്രാമീണരിലേറെയും. മലനിരകൾ നടന്നുകയറി സേനാംഗങ്ങൾ നാട്ടുകാർക്ക് ഭക്ഷണമെത്തിച്ചു.
Read also : പ്രായപൂർത്തി ആവാത്തവരുടെ വിവാഹം; സർക്കാരിനെ അറിയിച്ചാൽ പ്രതിഫലം







































