കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില്‍ ഇടി കൃഷ്‌ണകുമാര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു.
കൃഷ്‌ണകുമാറിന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ വെള്ളിയാഴ്‌ച രാത്രി കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില കൂടുതല്‍ മോശമായതോടെ വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായി.
എന്നാല്‍ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ ഒന്നും ഒഴിവില്ലായിരുന്നു. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഇന്നലെ രാവിലെ എട്ടരയോടെ ആശുപത്രിയിലേക്കു പുറപ്പെടുകയും ചെയ്‌തു.
രാത്രി പത്തരയോടെയാണ് ആശുപത്രിയിൽ എത്തിച്ചേർന്നത്. കൃഷ്‌ണകുമാറിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടു തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. കവിതയാണ് ഭാര്യ. മക്കള്‍: കാര്‍ത്തിക്, മാധവന്‍.
Read Also: പത്തിടങ്ങളില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം








































