തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു.
രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് എൽദോസ് കുന്നപ്പിള്ളിയെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിക്കാരിയെ ഒന്നിലധികം തവണ ബലാൽസംഗം ചെയ്‌തു എന്ന പരാതിക്കാരിയുടെ അവകാശപ്പെടലിനെ ആസ്‌പദമാക്കിയാണ് കേസ്. യുവതിയുടെ മൊഴിയുടെയും സാക്ഷിയുടെയും അടിസ്‌ഥാനത്തിലാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് 376 (2) എൻ വകുപ്പ് ചുമത്തിയത്. ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എംഎൽഎ നിരവധി തവണ തന്നെ പീഡിപ്പിച്ചതായി യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേട്ടിനു മുന്നിലും മൊഴി നൽകിയിരുന്നു. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.
വിവാഹവാഗ്‌ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച് സ്വർണക്കുരിശു മാല ചാർത്തി. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എംഎൽഎ ബലാൽസംഗം ചെയ്‌തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കേസിൽ എൽദോസിനെ കൂടാതെ സ്വാധീനമുള്ള പ്രതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അവകാശപ്പെട്ടു.
യഥാസമയം കേസെടുക്കാത്തത് പ്രതിയുടെ സ്വാധീനമാണ് കാണിക്കുന്നതെന്നും കോവളം സിഐക്കൊപ്പം ചില സ്വാധീനമുള്ള ആളുകളും കേസ് ഒതുക്കിത്തീർക്കാൻ നോക്കിയെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നത് യുവതിയുടെ ജീവനു ഭീഷണിയാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചോ എന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. ശേഖരിച്ചു വരികയാണെന്ന് പ്രോസിക്യൂഷൻ കോടതിയോട് മറുപടി പറഞ്ഞു. അതേസമയം, മുൻപ് സിഐക്കും എസ്‌ഐക്കുമെതിരെ പീഡനപരാതി നൽകിയ ആളാണ് പരാതിക്കാരിഎന്നും യുവതി വാദിയായും പ്രതിയായും എഴു കേസുകളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വാദിയെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്തയാളാണ് എന്നും പ്രതിഭാഗം പറഞ്ഞു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് എസിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പും അന്വേഷണവും തുടരുന്നത്.
Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ് സുധാന്‍ഷു