തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിജിലൻസ് അപേക്ഷ സമർപ്പിക്കുക.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ശിവശങ്കറുള്ളത്. ചൊവ്വാഴ്‌ച അനുമതി ലഭിച്ചാൽ അന്ന് തന്നെ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ.
വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനി ശിവശങ്കറിനെ മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. സ്വപ്‍ന സുരേഷ് അടക്കമുള്ള കേസിലെ മറ്റു പ്രതികളെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വൻ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട അവ്യക്‌തതകൾ നീക്കാനാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ ഓഫീസിലെ വാഹനങ്ങളുടെ യാത്രാവിവരങ്ങളും മറ്റും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥരുടെ യാത്രകളെക്കുറിച്ച് കൂടുതൽ അറിയാനായാണ് ഓഫീസിലെ വാഹനങ്ങളുടെ ലോഗ്‌ബുക്ക് ശേഖരിച്ചിട്ടുള്ളത്.
Read also: അഭയ കേസ്; സാക്ഷി വിസ്‌താരത്തില്‍ നിന്ന് പ്രതിഭാഗം പിന്‍മാറി