ന്യൂഡെൽഹി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാക്കാൻ നരേന്ദ്ര മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്‌താവന. ഇന്ത്യൻ മണ്ണ് സുക്ഷിതമായിരിക്കും, ആർക്കും അത് കൈക്കലാക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ചൈനയുമായുള്ള ലഡാക്കിലെ സംഘർഷം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചിലും നമ്മൾ ജാഗ്രത പുലർത്തുന്നു, ആർക്കും അത് അപഹരിക്കാനാവില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ നമ്മുടെ പ്രതിരോധ സേനക്കും നേതൃത്വത്തിനും കഴിവുണ്ട്,”- ലഡാക്കിലെ നിലവിലെ സ്‌ഥിതിയെ കുറിച്ച് ചോദിച്ച ദേശീയ മാദ്ധ്യമത്തോട് അമിത് ഷാ പറഞ്ഞു.
അതേസമയം, നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുമെന്ന ആത്‌മവിശ്വാസവും അമിത് ഷാ പങ്കുവച്ചു. എൻഡിഎക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും, നിതീഷ് കുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം