തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ് കണക്ക്. മരിച്ചത് 11 പേരും.
അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94. അപൂർവ രോഗങ്ങമായ മസ്‌തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് ഇന്നലെയും ഒരു കുട്ടി മരിച്ചു. വെസ്‌റ്റ് നൈൽ പനിയും ഭീതി പരത്തുന്നുണ്ട്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്1എൻ1, ചിക്കൻപോക്‌സ്, ഹെപ്പറ്റൈറ്റിസ്, മലമ്പനി, കുരുങ്ങുപനി, ജലജന്യരോഗങ്ങൾ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്‌ചക്കിടെ സർക്കാർ ആശുപത്രികളിൽ 78,718 പേരാണ് ചികിൽസ തേടി എത്തിയത്. മുണ്ടിനീര് ബാധിച്ച്- 1567, ചിക്കൻപോക്‌സ്- 971, ഡെങ്കിപ്പനി- 328, മഞ്ഞപ്പിത്തം- 294, മലേറിയ- 20, എലിപ്പനി- 70, എച്ച്1എൻ1- 37, ഷിഗെല്ല- 4, വെസ്‌റ്റ് നൈൽ- 9 പേരും ചികിൽസ തേടി.
അഞ്ചുമാസത്തിനിടെ പകർച്ചപ്പനി മൂലം 3, മലേറിയ-3, ഡെങ്കിപ്പനി- 16, എലിപ്പനി- 39, ഹെപ്പറ്റൈറ്റിസ് എ- 13, ഹെപ്പറ്റൈറ്റിസ് ബി- 5, ചിക്കൻപോക്‌സ്- 10, എച്ച്1എൻ1- 4, അമീബിക് മസ്‌തിഷ്‌ക ജ്വരം- 1 എന്നിങ്ങനെ അകെ 94 പേർ മരിച്ചു.
കൊടും ചൂടിന് പിന്നാലെയുണ്ടായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമായി. ഈ മാസം അവസാനം കാലവർഷം കൂടി വരുന്നതോടെ രോഗവ്യാപനം കൂടുമോ എന്നാണ് ആശങ്ക.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം