തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും പത്ത് പേർക്ക് എലിപ്പനിയും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേർക്ക് കൂടി കോളറയും സ്ഥിരീകരിച്ചു.
നെയ്യാറ്റിൻകര തവരവിളയിലെ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റിയുടെ ഹോസ്റ്റലിലെ കൂടുതൽ പേർക്ക് കോളറ സ്ഥിരീകരിച്ചിട്ടും രോഗത്തിന്റെ ഉറവിടം ഇതുവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഭിന്നശേഷിക്കാർക്കുള്ള ഈ സ്ഥാപനത്തിൽ 64 പേരാണ് താമസിച്ചിരുന്നത്. 14 പേരെ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇതിൽ മൂന്നുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. വീടുകളിലേക്ക് മാറ്റിയ അഞ്ചു അന്തേവാസികൾക്കും രോഗലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്. കിണറ്റിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നുമാണ് സ്ഥാപനത്തിലേക്ക് വെള്ളം എത്തുന്നത്. വെള്ളം ശുദ്ധീകരിച്ചു ഉപയോഗിക്കുന്നതിനാൽ അതുവഴി പടരാൻ സാധ്യതയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാൻ കഴിയൂ.
Most Read| വിഴിഞ്ഞം; രാഷ്ട്രീയപ്പോര് കനക്കുന്നു, നാളെ യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും