ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട് കോലിക്ക് നേരെ ഉയരില്ല. വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പരിഹാരമായി. നീണ്ട 18 വർഷം റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 18ആം നമ്പർ ജഴ്‌സി മാത്രം ധരിച്ച സൂപ്പർ താരത്തിന് ഒടുവിൽ ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം.
ആവേശം വാനോളമുയർന്ന കലാശപ്പോരിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടം ആറ് റൺസ് അകലെ അവസാനിക്കുമ്പോൾ, ബൗണ്ടറിക്ക് സമീപം ഫീൽഡ് ചെയ്‌തിരുന്ന കോലി ബൗണ്ടറിക്കരികെ കണ്ണീരോടെ ഗ്രൗണ്ടിലേക്ക് വീണു. ആഹ്ളാദാരാവത്തോടെ സഹതാരങ്ങൾ കോലിയെ പൊതിയുമ്പോൾ, താരത്തിന്റെ കണ്ണീരിന് ആനന്ദത്തിന്റെ അഭിമാനത്തിന്റെ പകിട്ടുണ്ടായിരുന്നു.
ടൂർണമെന്റ് തുടങ്ങിയതുമുതൽ ഈ സീസൺ വരെ തുടർച്ചയായി 18 വർഷം ഒരേ ടീമിന് വേണ്ടി കളിച്ച ഒരാളാണ് കോലി. അന്താരാഷ്‌ട്ര ട്വിന്റി20യിൽ നിന്ന് വിരമിച്ചുകഴിഞ്ഞ കോലി, ഐപിഎല്ലിൽ ഒരു കിരീടം പോലുമില്ലാതെ എങ്ങനെ വിടപറയാനാണ് അല്ലെ. 2007ൽ അന്നത്തെ 50,000 ഡോളറിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി കരാറിലെത്തുമ്പോൾ വിരാട് കോലി എന്ന 19-കാരൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നില്ല. കോലി ഐപിഎല്ലിനൊപ്പം വളർന്നു, ഐപിഎൽ കോലിക്കൊപ്പം വലുതായി.
വൈകാതെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായ വിരാട് ലോകക്രിക്കറ്റിന്റെ മേൽവിലാസങ്ങളിൽ ഒന്നായപ്പോഴും കോലി എന്ന രണ്ടക്ഷരം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎൽ കിരീടം കിട്ടാക്കനിയായി. എന്നാൽ, ആരാധകരുടെ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനും പ്രാർഥനക്കും ഇന്നലെ പര്യവസാനമായി. കിരീട നേട്ടത്തിന് ശേഷവും കോലി സംസാരിച്ചത് 18 വർഷം നീണ്ട ആ കാത്തിരിപ്പിനെ കുറിച്ചായിരുന്നു. കിരീടം അകന്നിട്ടും ആർസിബി ജഴ്‌സിയോട് കാട്ടിയ വിശ്വസ്‌തതയെ കുറിച്ചായിരുന്നു.
”ടീമിനെ പോലെ തന്നെ ടീമിന്റെ ആരാധകരും ഒരുപോലെ അർഹിച്ച കിരീടമാണിത്. നീണ്ട 18 വർഷമാണ് ഞങ്ങൾ കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തുമെല്ലാം ഈ ടീമിനാണ് ഞാൻ നൽകിയത്. കളിച്ച എല്ലാ സീസണിലും ഈ കിരീടമായിരുന്നു എന്റെ ലക്ഷ്യം. അതിനായി എന്നെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്‌തു. ഒടുവിൽ ആ ലക്ഷ്യം സ്വന്തമാക്കുമ്പോൾ അത് പ്രത്യേകതരം അനുഭൂതിയാണ്.
ഇങ്ങനെയൊരു ദിവസം ഒടുവിൽ വന്നു ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവസാന പന്തും എറിഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ സന്തോഷാധിക്യത്താൽ വിങ്ങിപ്പൊട്ടിപ്പോയി. കഴിവിന്റെ പരമാവധി ഇതിനായി നൽകിയതാണ്. അതുകൊണ്ട് ഈ നിമിഷം വല്ലാത്ത സന്തോഷം നൽകുന്നു.
എബി ഡിവില്ലിയേഴ്‌സ് ആർസിബിക്കായി ചെയ്‌ത എല്ലാ കാര്യങ്ങളും ഓർക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേത് കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലുവർഷമായെങ്കിലും ആർസിബിക്കായി കൂടുതൽ പ്ളെയർ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തിൽ വന്ന് കിരീടം ഏറ്റുവാങ്ങാൻ ഏറ്റവും യോഗ്യനും അദ്ദേഹമാണ്”- കോലി കൂട്ടിച്ചേർത്തു.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും