കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്ത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എവി മൃദുല കണ്ടെത്തി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്‌ത്രീയ തെളിവുകളാണ് നിർണായകമായത്.
പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്‌ണുപ്രിയയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്‌ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് സംഭവം. വിഷ്‌ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്ത്. പരിജയം സൗഹൃദമായി. പിന്നീട് വിഷ്‌ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിന് കാരണമായത്.
വിഷ്‌ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാംജിത്ത് വിഷ്‌ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കൻഡ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റു ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
2023 സെപ്‌തംബർ 21നാണ് കേസിലെ വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണ് ഉള്ളത്. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത് വിഷ്‌ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്‌ണുപ്രിയ രാവിലെ വസ്‌ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
ഏറെനേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്‌തത്തിൽ കുളിച്ചുകിടക്കുന്ന മകളെ ആദ്യം കണ്ടത്. വൈകാതെ മരണവും സംഭവിച്ചു. യുവതി പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. യാതൊരു കൂസലും കൂടാതെയാണ് പ്രതി പോലീസിനോട് പെരുമാറിയതും കുറ്റസമ്മതം നടത്തിയതും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































