തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു. ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസ് കേസ് നിലനിൽക്കുന്നതിനാൽ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീ പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് ആയിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീ ധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
Also Read: അറസ്റ്റിലായ കശ്മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി







































