തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ട സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. രമേശ് ചെന്നിത്തല പറയുന്നതുപോലെ ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റി. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങൾ ചർച്ചചെയ്യാൻ അവസരം ലഭിക്കും. വളരെ അസാധാരണമായ സാഹചര്യമാണ് സിഎജി റിപ്പോർട്ട് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് ആണ് സ്പീക്കർക്ക് പരാതി നല്‍കിയത്.
റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് ചട്ടം. എന്നാൽ ഈ ചട്ടം മറികടന്നാണ് ധനമന്ത്രി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. എത്തിക്സ് കമ്മിറ്റി ഐസക്കിനോട് വിശദീകരണം തേടുമെന്നാണ് സൂചന. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു നടപടിയുണ്ടാവുന്നത്.
Also Read: ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു







































