ന്യൂഡെൽഹി: സ്കൂൾ സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്താനുള്ള ഗുജറാത്ത് സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതിന് ഒപ്പം സംസ്ഥാന മന്ത്രിമാരെ പരിഹസിച്ച് ഡെൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ. ഇതൊരു മഹത്തായ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ട സിസോദിയ, അത് അവതരിപ്പിക്കുന്ന ആളുകൾ ആദ്യം ഗീതയുടെ മൂല്യങ്ങൾ സ്വയം പരിശീലിക്കേണ്ടതുണ്ട് എന്നും പറഞ്ഞു.
“തീർച്ചയായും ഇതൊരു മഹത്തായ ചുവടുവെപ്പാണ്, എന്നാൽ അത് അവതരിപ്പിക്കുന്ന ആളുകൾ ആദ്യം ഗീതയുടെ മൂല്യങ്ങൾ സ്വയം പരിശീലിക്കേണ്ടതുണ്ട്. അവരുടെ പ്രവർത്തികൾ രാവണനെപ്പോലെയാണ്, അവരാണ് ഗീതയെക്കുറിച്ച് സംസാരിക്കുന്നത്”
2022-23 അധ്യയന വർഷം മുതൽ ഗുജറാത്തിലെ 6 മുതൽ 12ആം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ സിലബസിന്റെ ഭാഗമായി ഭഗവദ് ഗീത അവതരിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് കീഴിലുള്ള, ഇംഗ്ളീഷ് മീഡിയം ഉൾപ്പടെ എല്ലാ സ്കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തു. ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് തീരുമാനമെന്ന് വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യന്‍ സംസ്കാരം സിലബസുകളില്‍ ഉണ്ടായിരിക്കണമെന്നും അത് കുട്ടികളുടെ സമഗ്ര വികസനത്തിന് വേണ്ടിയാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീമത് ഭഗവത് ഗീതയുടെ മൂല്യവും പ്രിന്‍സിപ്പലുകളും പ്രാധാന്യവും എല്ലാ മതങ്ങളിലും പെട്ട ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടതാണ്. കുട്ടികള്‍ക്ക് ഇതിൻമേല് താല്പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ളാസ് സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുക; വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി വ്യക്തമാക്കി.
സിലബസില്‍ കഥകളുടെയും ശ്ളോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത ഉള്‍പ്പെടുത്തുക എന്നും സര്‍ക്കുലറില്‍ പറയുന്നു. ഒമ്പതാം ക്ളാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
Most Read: ‘കശ്മീർ ഫയല്‍സ്’ കാണാൻ എത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; കുനാല്‍ കമ്ര






































