ടെഹ്റാൻ: ഗാർഡിയൻ കൗൺസിൽ അംഗമായ ആയത്തുള്ള അലിറീസ അറാഫിയെ ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക.
ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണെങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് അറാഫി ഉയർത്തപ്പെടും.
1989ൽ ഖമനയി പരമോന്നത നേതാവായതിന് ശേഷമാണ് അറാഫി സുപ്രധാന പദവികളിൽ നിയോഗിക്കപ്പെട്ടത്. ഖമനയിയുടെ വിശ്വസ്തനായ അറാഫി, ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിൽ അംഗം, പണ്ഡിത സഭ അംഗം എന്നീ അതീവ പ്രാധാന്യമുള്ള പദവികൾ വഹിച്ചിരുന്നു. 2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ അധികാരമുള്ള ഗാർഡിയൻ കൗൺസിലിൽ അംഗമായത്.
അറബിക്, ഇംഗ്ളീഷ് ഭാഷകളിൽ അഗ്രഗണ്യനായ അറാഫി ഇസ്ലാമിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ തന്നെ നിർമിത ബുദ്ധി, സാങ്കേതിക വിദ്യ എന്നിവയുടെ ഉപയോഗത്തെയും പിന്തുണച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എഐ ഉപയോഗിക്കണമെന്ന് അറാഫി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും ആക്രമണം ഉണ്ടായി. ഇന്റർനാഷണൽ സിറ്റിയിൽ ഡ്രോൺ ആക്രമണം നടന്നെന്നാണ് സൂചന. ബഹ്റൈനിലും ആക്രമണം നടന്നു. ഹമദ് ടൗണിലും റിഫയിലും വലിയ ശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 പേർക്ക് പരിക്കേറ്റു.
ഒമാനിലും ആക്രമണം ഉണ്ടായി. അതിനിടെ ഇന്ത്യയിൽനിന്ന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് മാർച്ച് രണ്ടുവരെ നീട്ടിയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷം കടുത്തതോടെ ജാഗ്രതയിലാണ് യുഎഇ. അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് ദിവസം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പത്ത്, പ്ളസ് ടു ക്ളാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. സ്വകാര്യ- സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ദുബായ് ഗ്ളോബൽ വില്ലേജടക്കം താൽക്കാലികമായി അടച്ചിട്ടുണ്ട്.
കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം നിശ്ചലമാണ്. ഏഴ് വിമാനത്താവളങ്ങളിൽ നിന്നുള്ള 3400 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്താവളങ്ങൾ സ്തംഭിച്ചു. അതിനിടെ, ജിസിസി രാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചുചേർത്തു.
Most Read| വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി








































