കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാ മാതാവിനെയും മധ്യവയസ്കൻ വെട്ടിപ്പരിക്കേൽപിച്ചു. കോടഞ്ചേരി പാറമല സ്വദേശി ഷിബുവാണ് ആക്രമണത്തിന് പിന്നിൽ. ഭാര്യ ബിന്ദു (46), ഭാര്യാ മാതാവ് ഉണ്ണിമാതാ (69) എന്നിവരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം ഒളിവിൽ പോയ ഷിബുവിനായി(52) പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
ബിന്ദുവിന് തലയ്ക്കും കൈക്കും തോളിലുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണ്. അക്രമം തടയാനെത്തിയ ഉണ്ണിമാതയുടെ ഒരു കൈവിരൽ അറ്റുപോയി. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ടു വർഷമായി കുടുംബ വഴക്കിനെ തുടർന്ന് ഷിബു ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. ഇന്ന് രാവിലെ വീടിന് സമീപം ഒളിച്ചിരുന്നതിന് ശേഷമാണ് ഷിബു ആക്രമണം നടത്തിയത്.
രാവിലെ പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു. ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തേക്ക് ഓടിവന്ന അമ്മയെയും ഇയാൾ ആക്രമിച്ചു. ബഹളം കേട്ട് ഓടിവന്ന ഇരുവരുടെയും മക്കൾ പുറത്തിറങ്ങി വന്നപ്പോഴേക്കും ഷിബു ഓടിരക്ഷപ്പെട്ടിരുന്നു. ഒളിവിലുള്ള ഷിബുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്നുള്ള പകയാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Most Read| കരുവന്നൂർ തട്ടിപ്പ് കേസ്; എംകെ കണ്ണന് ഇഡി നോട്ടീസ്- സ്വത്തുവിവരങ്ങൾ ഹാജരാക്കണം








































