പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം നിർത്തി നിലവിളിച്ചുകൊണ്ട് പ്രാണരക്ഷാർഥം ഓടാൻ തുടങ്ങി. മിക്ക ആളുകളും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർക്കിടയിലേക്ക് കാട്ടാന ഓടിയടുത്തതോടെ സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് ഏകദേശം അരമണിക്കൂറോളം ആന റോഡിൽ തന്നെ നിലയുറപ്പിച്ചു. ആനക്ക് മദപ്പാട് ഉണ്ടെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ ദിവസം തന്നെ ആറങ്ങോട്ടുകുളമ്പ് പന്നിമട ഭാഗത്ത് കൃഷി നശിപ്പിച്ച കാട്ടാനയാണിതെന്നും സംശയം നിലനിൽക്കുന്നുണ്ട്.
റോഡിൽ അരമണിക്കൂറോളം തങ്ങിയ കാട്ടാന തുടർന്ന് മലമ്പുഴ കൃഷിഭവന്റെ തോട്ടിലേക്കും, അവിടെ നിന്നും മലമ്പുഴ ഡാമിലേക്കും പ്രവേശിച്ചു. കഴിഞ്ഞ ആഴ്ചയിലും മലമ്പുഴ ഉദ്യാനത്തിന് സമീപം കാട്ടാനയിറങ്ങിയിരുന്നു. തുടർന്ന് കർശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ കാവൽ ഏർപ്പെടുത്തിയിരുന്നു.
Read also : ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില







































