മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറുമ്പോള്‍ ഹനുമാന്‍ ചാലിസ പാടിക്കൊണ്ടിരുന്നാല്‍ മതിയോ എന്ന് ശിവസേന ചോദിച്ചു. ശിവസേനാ മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് ബിജെപിയെ കടന്നാക്രമിക്കുന്നത്.
ബിജെപിയുടെ നിയോ ഹിന്ദുത്വവാദം (നവ ഹിന്ദുത്വവാദം) വിഭജനത്തിന് മുമ്പുള്ള അവസ്‌ഥ സൃഷ്‌ടിക്കുന്നുവെന്നും ഹിന്ദുത്വവാദം ഉയര്‍ത്തി പിടിക്കുന്നതിനേക്കാള്‍ ബിജെപിക്ക് ഹിന്ദു-മുസ്‌ലിം തര്‍ക്കങ്ങളും കലാപങ്ങളും സൃഷ്‌ടിക്കുക മാത്രമാണ് ലക്ഷ്യമെന്നും ശിവസേന ആരോപിക്കുന്നു.
“ബിജെപിയുടെ ഹിന്ദുത്വവാദം കേവലം സ്വാർഥവും പൊള്ളയായതുമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി കലാപങ്ങള്‍ സൃഷ്‌ടിക്കുന്നതിലും സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന സംശയം ശക്‌തമാവുകയാണ്. ഹനുമാന്‍ ചാലിസ പാടിക്കൊണ്ടിരുന്നാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ ചൈനീസ് പട്ടാളം പിന്തിരിയുമോ? എങ്കിൽ കുഴപ്പമില്ല. കശ്‌മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്‌മയും പരിഹരിക്കാന്‍ മുസ്‌ലിം പള്ളികള്‍ക്ക് മുമ്പില്‍ പോയി ഉച്ചത്തില്‍ ഹനുമാന്‍ ചാലിസ പാടിയാൽ മതിയാവുമോ?” ശിവസേന ചോദിച്ചു.
ജെഎൻയു ഹോസ്‌റ്റലിൽ മാംസം വിളമ്പുന്നതുമായി ബന്ധപ്പെട്ട് എബിവിപി നടത്തിയ ആക്രമണം പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും പോലുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി നടത്തിയ ആസൂത്രിതമായ നീക്കമാണെന്നും ശിവസേന മുഖപ്രസംഗത്തില്‍ ആരോപിച്ചു.
പള്ളിയില്‍ ബാങ്ക് വിളിച്ചാല്‍, ഹനുമാൻ ചാലിസ വെക്കുന്നതിന് വേണ്ടി ഉച്ചഭാഷിണി വാങ്ങി നല്‍കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനക്ക് എതിരെയായിരുന്നു ശിവസേനയുടെ മുഖപ്രസംഗം. മഹാരാഷ്‌ട്രയിലെ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്‌തില്ലെങ്കിൽ തന്റെ പാർട്ടി പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ പാടുമെന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.
“എന്തിനാണ് നിങ്ങൾക്ക് പള്ളികൾക്ക് പുറത്ത് ഉച്ചഭാഷിണികൾ? മതം സ്‌ഥാപിക്കപ്പെടുമ്പോൾ ഉച്ചഭാഷിണികൾ ഉണ്ടായിരുന്നോ. സർക്കാർ അവ നീക്കം ചെയ്‌തില്ലെങ്കിൽ എംഎൻഎസ് പ്രവർത്തകർ ഹനുമാൻ ചാലിസ കളിക്കും,” എന്നായിരുന്നു രാജ് താക്കറെയുടെ പ്രസ്‌താവന.
Most Read: ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ