ഭോപ്പാൽ: രണ്ടുവയസുകാരനായ സഹോദരന്റെ മൃതദേഹവുമായി തെരുവിൽ ആംബുലൻസ് കാത്തിരിക്കുന്ന എട്ട് വയസുകാരന്റെ ദൃശ്യങ്ങൾ നോവാകുന്നു. മധ്യപ്രദേശിലെ മൊറേനയിൽ നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നത്. ആശുപത്രി ആംബുലൻസ് അനുവദിക്കാത്തതിനാൽ പിതാവ് വാഹനം അന്വേഷിച്ച് പോയതോടെയാണ് എട്ട് വയസുകാരൻ ഗുൽഷൻ മണിക്കൂറുകളോളം സഹോദരന്റെ മൃതദേഹവുമായി കാത്തിരുന്നത്. ജനക്കൂട്ടം പ്രതിഷേധം ഉയർത്തിയതോടെ പോലീസ് ആംബുലൻസ് വിട്ട് നൽകുകയായിരുന്നു.
രണ്ട് വയസുള്ള സഹോദരൻ രാജയുടെ മൃതദേഹവുമായി വൃത്തിഹീനമായ റോഡരികിൽ ഇരിക്കുന്ന ഗുൽഷന്റെ ചിത്രം ഒരു പത്രപ്രവർത്തകനാണ് പകർത്തിയത്. പിതാവ് പൂജാറാം ജാതവ് കുഞ്ഞിന്റെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് എത്തിക്കാൻ വാഹനം തേടി പോയതായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. അമ്മ ഇല്ലാത്തതിനാൽ കുഞ്ഞിന് പൂജാറാം തന്നെ ചില മരുന്നുകൾ നൽകി. എന്നിട്ടും ആരോഗ്യനില വഷളായതോടെ മൊറേനയിലെ ആശുപത്രിയിൽ എത്തിച്ചു. മണിക്കൂറുകൾക്കകം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മൃതദേഹം വീട്ടിലെത്തിക്കാൻ പണമില്ലെന്നും ആംബുലൻസ് വിട്ട് നൽകണമെന്നും പൂജാറാം ഡോക്ടറെ അറിയിച്ചു. എന്നാൽ, ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് പൂജാറാം ഗുൽഷനെ മൃതദേഹം ഏൽപ്പിച്ച ശേഷം വാഹനം അന്വേഷിച്ച് പോയത്. ഇതുകണ്ട് തടിച്ചുകൂടിയ ജനക്കൂട്ടം പ്രതിഷേധം ഉയർത്തി ആംബുലൻസ് സജ്ജമാക്കി. അതേസമയം, ആംബുലൻസ് വിട്ടുനൽകാതിരുന്നില്ലെന്നും വാഹനം എത്തിച്ചപ്പോഴേക്കും പൂജാറാം ആശുപത്രി വിട്ടിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.
Most Read: അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ