കോഴിക്കോട്: അഞ്ചു വർഷം മുൻപ് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ശാസ്‌ത്രക്രിയ സംഘം മറന്നുവെച്ച കത്രികയുമായി 30കാരി യുവതി.
2017 നവംബർ 30നാണ് താമരശേരി സ്വദേശിനിയായ ഹർഷീന അഷ്‌റഫ് എന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്‌ത്രക്രിയക്ക് വിധേയമായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ഇടക്കിടെ അവശതയും വേദനയും അനുഭവപ്പെടുമെങ്കിലും സാധാരണക്കാരായ കുടുംബം അത് സഹിച്ചു ജീവിക്കുകയായിരുന്നു.
മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍. കഴിഞ്ഞ ആറുമാസമായി ഈ അസ്വസ്‌ഥത കൂടിയതോടെ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ നിന്നാണ് എന്തോ ലോഹം വയറ്റിൽ കുടുങ്ങിയതായി മനസിലാക്കുന്നത്. കൂടുതൽ പരിശോധനക്കായി ഇവർ മെഡിക്കൽ കോളേജിലേക്ക് ഹർഷീനയെ റഫർ ചെയ്‌തു.
മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ 11 സെന്റിമീറ്റർ നീളമുള്ള കത്രിക ഇരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിൽസ തേടി. 17ന് കത്രിക പുറത്തെടുത്തു.
വിഷയം മാദ്ധ്യമങ്ങൾ വഴി അറിഞ്ഞ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശസ്‌ത്രക്രിയാ സംഘത്തിലെ കുറ്റക്കാരായ എല്ലാവർക്കെതിരെയും ശക്‌തമായ നടപടി വേണമെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വെക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. ഈ കണക്കെടുപ്പിൽ വന്ന വീഴ്‌ചയാണ് യുവതിയുടെ വയറ്റിൽ കത്രിക കടുങ്ങാൻ കാരണം,-ഡോ സുല്‍ഫി നൂഹു വിശദീകരിച്ചു.
യുവതിയെ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം അടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യയാണ് ഹർഷീന.
Most Read: സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട്, ലംഘിച്ചാൽ 3 വർഷംവരെ തടവ്