വനിതാ സംവരണ ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി

2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സംവരണം പ്രാബല്യത്തിൽ വരും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യും.

By Senior Reporter, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: വനിതാ സംവരണ നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആവശ്യപ്പെട്ട് മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർഥിച്ച് ഇൻസ്‌റ്റഗ്രാം വീഡിയോയും പുറത്തിറക്കി.

വനിതാ സംവരണ നിയമ ഭേദഗതി കേവലം ഒരു നിയമനിർമാണ നടപടിയല്ലെന്നും മറിച്ച്, ഇന്ത്യയിലെ കോടിക്കണക്കിന് സ്‌ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു. തന്റെ വെബ്‌സൈറ്റായ narendramodi.inൽ പോസ്‌റ്റ് ചെയ്‌ത ലേഖനത്തിൽ, സ്‌ത്രീകൾ പുരോഗമിക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നത് എന്ന ഇന്ത്യയുടെ നാഗരിക മൂല്യങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണത്തോടെ നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. രാജ്യം ഒരു ചരിത്ര നിമിഷത്തിന്റെ പടിവാതിൽക്കലാണെന്നും ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തിലാക്കാനും സമത്വത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ബിൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16ന് പാർലമെന്റ് സമ്മേളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ”നിലവിലെ വിവരങ്ങൾ പ്രകാരം 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ‘നാരി ശക്‌തി വന്ദൻ അധിനിയം’ (വനിതാ സംവരണ നിയമം) ഭേദഗതി ചെയ്യും.

ഇതോടെ 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സംവരണം പ്രാബല്യത്തിൽ വരും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യും. 2027ലെ സെൻസസിന് ശേഷം 2034ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെൻസസ് അടിസ്‌ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33% സംവരണം എന്നതാണ് നിയമം. 454 പേരുടെ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. രാജ്യസഭ ഏകകണ്‌ഠമായി പാസാക്കി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി.

Most Read| സംസ്‌ഥാനത്ത്‌ വീണ്ടും അവയവദാനം; മരണത്തിലും വെളിച്ചമായി ജയി ജയകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE