ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നിയമമായി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചു. ഇതോടെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33 സംവരണം എന്നത് നിയമമായി. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി. ചട്ടങ്ങൾ പിന്നീട് ഇറക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബിൽ പാസാക്കിയത്. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പിൽ വരിക.
454 പേരുടെ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. രാജ്യസഭ ഏകകണ്‌ഠമായി പാസാക്കി. 11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. എന്നാൽ, ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷം 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ നിയമം നടപ്പിലാക്കുകയുള്ളൂ.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128ആം ഭേദഗതിയാണിത്. ‘നാരി ശക്‌തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.
രാജ്‌ജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും, പിന്തുണച്ച് വോട്ട് ചെയ്‌ത എംപിമാർക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ