മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്‌തു. സംഭവത്തിൽ ബസ് ജീവനക്കാർ അടക്കം ആറ് പേർക്കെതിരെയും കുരുമുളക് സ്‌പ്രേ ചെയ്‌തതിന് വിദ്യാർഥിക്കെതിരെയും പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണയിൽ നിന്നാണ് സംഭവം. കണ്ടക്‌ടറുമായി വാക്കുതർക്കം ഉണ്ടായതോടെയാണ് ബസിൽ വെച്ച് ഹാരിസ് ഇബ്‌നുവിനെ ജീവനക്കാർ മർദ്ദിച്ചത്. ഇതിനിടെ വിദ്യാർഥി കൈയിൽ കരുതിയിരുന്ന കുരുമുളക് പൊടി സ്‌പ്രേ ജീവനക്കാർക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ ഹാരിസിന്റെ കൈകൾ പിറകിലേക്ക് കെട്ടിയിട്ടു. വിദ്യാർഥിയുടെ മുളക് സ്‌പ്രേ പ്രയോഗത്തിൽ ബസ് ജീവനക്കാർക്കും ചില യാത്രക്കാർക്കും പരിക്കേറ്റിരുന്നു.
തുടർന്ന് മേലാറ്റൂർ പോലീസ് സംഭവ സ്‌ഥലത്ത് എത്തി അന്വേഷണം നടത്തുകയായിരുന്നു. ആക്രമാസക്‌തനായ യുവാവിനെ പോലീസ് എത്തുന്നത് വരെ തടഞ്ഞുവെക്കാനാണ് കെട്ടിയിട്ടതെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ, ബസിൽ വെച്ച് സ്‌ത്രീകളെ കണ്ടക്‌ടർ ശല്യം ചെയ്യുന്നത് കണ്ടെന്നും ഇത് ചോദ്യം ചെയ്‌തതിനാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതെന്നുമാണ് ഹാരിസ് ഇബ്‌നു മുബാറക്ക് പറയുന്നത്.
സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുരുമുളക് സ്‌പ്രേ അടിച്ച് യാത്രക്കാരെയും ബസ് ജീവനക്കാരെയും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് വിദ്യാർഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിലാണ് ബസ് ഡ്രൈവർ, കണ്ടക്‌ടർ, കണ്ടാലറിയാവുന്ന മറ്റു നാല് പേർക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നും മേലാറ്റൂർ പോലീസ് അറിയിച്ചു.
Most Read: മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും