ഡെൽഹി: രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ ‘സൈകോവ്-ഡി’യ്‌ക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. അഹമ്മദാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ലോകത്തിലെ ആദ്യ പ്‌ളാസ്‌മിഡ് ഡിഎൻഎ വാക്‌സിനാണ് സൈഡസ് കാഡില. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്‌സിന് 66.66 ശതമാനമാണ് ഫലപ്രാപ്‌തി കണക്കാക്കുന്നത്. മറ്റുള്ള വാക്‌സിനുകളിൽ നിന്ന് വ്യത്യസ്‌തമായി ഇതിന്റെ മൂന്ന് ഡോസ് ആണ് സ്വീകരിക്കേണ്ടത്.
സൈഡസ് കാഡിലയ്‌ക്ക് അനുമതി നൽകിയത് രാജ്യത്തിന്റെ സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്‌ഞൻമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അടിയന്തര ഉപയോഗ അനുമതിക്കായി സൈഡസ് കാഡില ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു.
28,000 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. പരിശോധനകൾക്ക് ശേഷമാണ് വിദഗ്‌ധ സമിതി അനുമതി നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈകോവ്-ഡി വാക്‌സിന്റെ പ്രത്യേകത.
Entertainment News: ഓണാശംസകളുമായി ‘ബർമുഡ’ മോഷൻ പോസ്‌റ്റർ; ചിത്രകഥപോലെ രസകരം