കൊച്ചി: സില്‍വര്‍ ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനും കെപിസിസി പ്രസിഡണ്ട് മറുപടി പറഞ്ഞു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സിൽവർ ലൈനിന് എതിരെ പ്രതിഷേധം തുടരുകയാണ്. തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളജിലാണ് സർവേ കല്ലുകൾ സ്‌ഥാപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകും; മുഖ്യമന്ത്രി








































