ചെന്നൈ: ജയില്‍ മോചിതയാകുന്ന പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരിച്ചെടുക്കില്ലെന്ന കാര്യത്തില്‍ 100% ഉറപ്പാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികല 27നാണ് മോചിതയാകുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഡെല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ പ്രതികരണം.
ശശികലയെ സ്വാഗതം ചെയ്യരുതെന്ന അണ്ണാഡിഎംകെ പൊതുവികാരം മുഖ്യമന്ത്രി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി അടിച്ചേല്‍പ്പിക്കല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ബിജെപി നേതൃത്വം നല്‍കിയതായാണ് വിവരം.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വികെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകുമെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീംകോടതി വിധിച്ച പിഴത്തുക അടച്ചാല്‍ 2021 ജനുവരി 27ന് ശശികലക്ക് ജയില്‍ മോചിതയാകാമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Read Also: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു






































