കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 77 ബിജെപി എംഎല്‍എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
സായുധ സേനകളായ സിഐഎസ്എഫും സിആര്‍പിഎഫുമാണ് ബിജെപി എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷക്ക് അനുമതി നല്‍കിയിരിക്കുന്നത്.
61 എംഎല്‍എമാര്‍ക്ക് എക്സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. സിഐഎസ്എഫ് ആയിരിക്കും സുരക്ഷ നല്‍കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ളവര്‍ക്ക് വൈ കാറ്റഗറി സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക. പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കും.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന മെയ് മൂന്നിന് ശേഷം ബംഗാളില്‍ വലിയ തോതിലുള്ള അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരുപതോളം പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അക്രമ സംഭവങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. എന്നാല്‍ ബംഗാളിലെ ഹിന്ദുക്കളെയെല്ലാം തൃണമൂലും തൃണമൂലിലെ മുസ്ലിം പ്രവര്‍ത്തകരും ആക്രമിക്കുകയാണെന്ന രീതിയിലാണ് ബിജെപി നേതാക്കൾ പ്രചാരണം നടത്തുന്നത്.
Also Read: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ








































