കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്‌റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്‌റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ഇവരുടെ അറസ്‌റ്റ്.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ 10 പുതിയ എഫ്ഐആറുകൾ കൂടി സിബിഐ രജിസ്‌റ്റർ ചെയ്‌തു. ഇതോടെ ആകെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളുകളുടെ എണ്ണം 21 ആയി. അന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ആക്രമണത്തിന് ഇരയായവരുടെ മൊഴികൾ സിബിഐ രേഖപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 26നാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. ബംഗാൾ പോലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം കൂടുതൽ കേസുകളിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യും എന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
4 അംഗങ്ങൾ വീതമുള്ള സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. അകെ 25 ഉദ്യോഗസ്‌ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്.
Read Also: ഹോം ഐസൊലേഷനിലും ഉയർന്ന മരണനിരക്ക്; ഇതുവരെ മരിച്ചത് 444 പേർ