കാസർഗോഡ്: കാസർഗോഡേ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. വടക്കൻ ജില്ലകളിൽ നിന്ന് 290 സിലിണ്ടറുകൾ എത്തിച്ചു. കാസർഗോഡേക്ക് മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർത്തി വെച്ചതിന് പിന്നാലെയാണ് ഓക്സിജൻ ക്ഷാമം ഉണ്ടായത്.
ജില്ലയിലെ പ്രധാനപ്പെട്ട 5 സർക്കാർ, സ്വകാര്യ ആശുപത്രികളും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. കോഴിക്കോട് നിന്ന് 93 സിലിണ്ടറുകളും, മലപ്പുറത്ത് നിന്ന് 94 സിലിണ്ടറുകളും കണ്ണൂർ ധർമശാലയിൽ നിന്ന് 34 സിലിണ്ടറുകളുമാണ് എത്തിച്ചത്. ഇത് കാരണം ഇന്നത്തേക്കും നാളെത്തേക്കും പ്രതിസന്ധിയുണ്ടായേക്കില്ല.
പക്ഷേ അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല. പൊതു, സ്വകാര്യ ആശുപത്രികൾക്കായി ദിവസം കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകൾ ജില്ലക്കാവശ്യമുണ്ട്. കണ്ണൂരിലെ ബാൽടെക് പ്ളാന്റിനെ മാത്രമാണ് നിലവിൽ ആശ്രയിക്കുന്നത്.
300 സിലിണ്ടർ ഉൽപാദന ശേഷിയുള്ള ഇവിടെ നിന്നും പരമാവധി 200 സിലിണ്ടറുകളാണ് കാസർഗോഡേക്ക് എത്തിക്കുന്നത്. കണ്ണൂർ പ്ളാന്റിൽ ഉൽപാദനം കൂട്ടുകയോ സ്ഥിരമായി മറ്റ് ജില്ലകളിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയോ ചെയ്യണമെന്ന ആവശ്യം സജീവമാണ്. എന്നാൽ കോഴിക്കോട് ജില്ലയിലടക്കം രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇത് പ്രായോഗികമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Read Also: അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്കന് ഗുരുതര പരിക്ക്







































