തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. കേരളത്തിൽ ഇതുവരെ 44 പേർക്കാണ് ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 35 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നുണ്ട്. ഒൻപത് പേർ രോഗം മൂലം മരിച്ചു.
കൂടുതൽ രോഗബാധ മലപ്പുറം ജില്ലയിലാണ്. 11 പേർക്കാണ് ജില്ലയിൽ ബ്ളാക്ക് ഫംഗസ് ബാധിച്ചത്. കോഴിക്കോട്- 6, തൃശൂർ- 5, പാലക്കാട്- 5, എറണാകുളം- 4, തിരുവനന്തപുരം- 3, കൊല്ലം- 2, കണ്ണൂർ- 1 എന്നിങ്ങനെയാണ് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
രോഗം കൂടുതൽ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാൻ നേരത്തെ കണ്ടെത്തി ചികിൽസ ആരംഭിക്കുക എന്നതാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ആന്റിഫംഗൽ മരുന്നായ ആംഫോടെറിസിൻ ബി എന്ന മരുന്നാണ് ചികിൽസക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗർലഭ്യം നേരിടുന്നുണ്ട്.
പല ജില്ലകളിലും ഈ പ്രതിരോധ മരുന്ന് കിട്ടാനില്ലാത്തത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. കോവിഡ് മുക്തരായവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ബ്ളാക്ക് ഫംഗസ് ബാധ ഗുരുതരമാകുന്നത്. ഇത്തരം രോഗികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്തമായ പ്രതിഷേധവുമായി എൽഎസ്എ







































