ന്യൂഡെല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതവും മരണവും ആസ്പദമാക്കിയ ‘ന്യായ്: ദി ജസ്റ്റിസ്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. പിതാവ് കൃഷ്ണ കിഷോര്‍ സിംഗ് ആണ് ഹരജി നല്‍കിയത്.
സിനിമാ ചിത്രീകരണം കുടുംബം എതിർത്തിരുന്നു എന്നും മകന്റെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ അടുപ്പക്കാരാണ് സിനിമയ്ക്ക് പിന്നിലെന്നും പിതാവ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ജസ്റ്റിസ് സഞ്ജീവ് നരുലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി തള്ളുകയായിരുന്നു. ‘ന്യായ്: ദി ജസ്റ്റിസ്’, സൂയിസൈഡ് ഓര് മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്’, ‘ശശാങ്ക്’ തുടങ്ങിയ സിനിമകളാണ് സുശാന്തിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിക്കുന്നത്.
മുംബൈയിലെ ബാന്ദ്രയിൽ ഉള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ ആയിരുന്നു സുശാന്ത് സിംഗ് കാണപ്പെട്ടത്. മരണമടയുന്നതിന് തൊട്ടുമുമ്പ് ഇന്റർനെറ്റിൽ തിരഞ്ഞത് മാനസിക പ്രശ്നങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
Read also: കനത്ത മഴ; മുംബൈയിൽ ജനജീവിതം സ്തംഭിച്ചു; അതീവ ജാഗ്രത








































