തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ട തേക്ക് തടികൾ പിടികൂടി. 84 കഷ്‌ണം തേക്ക് തടികളാണ് പൂമലയിൽ നിന്നും പിടികൂടിയത്. പട്ടയ ഭൂമിയിൽ നിന്ന് നഷ്‌ടപ്പെട്ട ഇവയ്‌ക്ക് ഏകദേശം 3 ലക്ഷം രൂപ വില വരുമെന്നാണ് കണക്കു കൂട്ടൽ.
പൂമാല ആലുങ്കുന്ന് പട്ടയ ഭൂമിയിൽ നിന്ന് കാണാതായവ ആണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശവാസികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇവരിൽ നിന്ന് മെഷീൻ വാൾ കണ്ടെടുത്തു. അതേസമയം തൃശൂർ അകമലയിൽ മുറിച്ച തേക്ക് മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. മരം മുറിയുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് നിഗമനം. കണ്ടെത്തലിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി.
ആറ്റൂർ മങ്ങാറപ്പള്ളിയിൽ വന ഭൂമിയോട് ചേർന്നുള്ള പട്ടയഭൂമിയിലാണ് മുറിച്ച തേക്ക് മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ ഈ പ്രദേശത്ത് പട്രോളിംഗ് നടത്താൻ ഉദ്യോഗസ്‌ഥർ പദ്ധതിയിട്ടിരുന്നു. പരിശോധനയിൽ പിടിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് തെളിവ് നശിപ്പിക്കാൻ തീയിട്ടതെന്നാണ് നിഗമനം.







































