കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട് ഡിവൈഎസ്‌പി കെവി വേണുഗോപാൽ സംസ്‌ഥാന വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി. ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന അഞ്ച് തേക്ക് ഉൾപ്പടെ എട്ട് മരങ്ങളാണ് മുറിച്ചു കടത്തിയത്.
സംസ്‌ഥാന വിജിലൻസ് ഡയറക്‌ടറുടെ അനുമതി ലഭിച്ചാലുടൻ തുടരന്വേഷണം ആരംഭിക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. കാസർഗോഡ് ടൗൺ പോലീസ് മോഷണത്തിന് രജിസ്‌റ്റർ ചെയ്‌ത കേസിൽ സിഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ സൂക്ഷിച്ച മുറിച്ച മാറ്റിയ മരത്തടികളിൽ 28 കഷ്‌ണം ടൗൺ സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. കൂടുതൽ തടികൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്.
മരങ്ങൾ മുറിച്ച ആളുകളെയും ഇവരെ ചുമതലപ്പെടുത്തിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ അടുത്ത ദിവസം തന്നെ പിടികൂടുമെന്നും സിഐ പറഞ്ഞു. ടെൻഡർ പൂർത്തിയാകും മുമ്പേ സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ നഗരസഭാ ഭരണസമിതിയിലെ ചിലർക്കും പങ്കുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മരംമുറി വിവാദമായി 28 മണിക്കൂർ കഴിഞ്ഞതിന് ശേഷം മാത്രമാണ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പരാതി നൽകിയതെന്നതും നഗരസഭ പരാതി നൽകാൻ തയ്യാറാകാത്തതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Most Read: ‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’