കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
നിലവിൽ 43 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്‌റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്‌റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും. അതേസമയം, സംസ്‌ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് ആയിരുന്നു സംസ്‌ഥാന സര്‍ക്കാര്‍ നിലപാട്.
Read Also: എംസി ജോസഫൈന്റെ വിവാദ പരാമർശം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും







































