ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ ക്രൂരതയാണ് ഷോവിൻ കാണിച്ചതെന്ന് ജഡ്‌ജി വിധി പ്രസ്‌താവനയിൽ പറഞ്ഞു.
നാല്‍പ്പത്തിയാറുകാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ യുഎസിലുടനീളം വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ജോർജ് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്റ് നേരം പോലീസ് ഓഫിസറുടെ കാല്‍ മുട്ടുകള്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് വ്യക്‌തമാക്കുന്നു.
2020 മെയ് 25 നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ളോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്നത്. ‘ബ്ളാക്ക് ലിവ്‌സ് മാറ്റേഴ്‌സ്‘ എന്ന പേരിൽ ക്യാംപയിനും ആരംഭിച്ചിരുന്നു.
Read Also: പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം







































