ന്യൂഡെൽഹി: രാജസ്‌ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറയ്‌ക്കാൻ തീരുമാനം. സമീപ സംസ്‌ഥാനങ്ങൾ നികുതി കുറയ്‌ക്കുന്നതിനാൽ രാജസ്‌ഥാനിലും കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജോധ്പൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം.
കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനമായ രാജസ്‌ഥാനിൽ നികുതി കുറയ്‌ക്കില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. ‘കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എക്‌സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറയ്‌ക്കില്ല’ എന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞത്.
എന്നാൽ കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്നു സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. കേരളത്തിൽ നികുതി കുറയ്‌ക്കാൻ തയാറാവാത്ത ഇടതു സർക്കാരിനെതിരെ സമരമുഖത്തുള്ള കോൺഗ്രസിന് രാജസ്‌ഥാൻ സർക്കാരിന്റെ നീക്കം ഊർജം പകരും.
Also Read: മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും







































