കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ മരണമടഞ്ഞത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അമിതവേഗതയില്‍ മരത്തിൽ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ ഒക്‌ടോബർ 2ന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കര്‍ ചെറു പ്രായത്തില്‍ തന്നെ അമ്മാവന്‍ ബി ശശി കുമാറിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ ആദ്യകച്ചേരി. പതിനേഴാം വയസിലാണ് മംഗല്യ പല്ലക്ക് എന്ന മലയാള സിനിമയില്‍ സംഗീത സംവിധയകനായി തുടക്കം കുറിച്ചത്. തുടര്‍ന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സിനിമകള്‍ക്കും സംഗീതം നല്‍കി. വയലിന്‍ ആയിരുന്നു ബാലഭാസ്‌കറിന് എല്ലാം. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്‌കര്‍ ഫ്യൂഷന്റെ അനന്ത സാധ്യതകളാണ് എന്നും തേടിയിരുന്നത്. പുതിയ സിനിമക്ക് സംഗീതം നല്‍കുന്നതിന്റെ തിരക്കുകള്‍ക്ക് ഇടയിലാണ് കാര്‍ അപകടം ആ യുവ പ്രതിഭയുടെ ജീവന്‍ തട്ടിയെടുത്തത്. നിലക്കാത്ത മാന്ത്രിക സംഗീതം ബാക്കി വച്ചാണ് ബാലഭാസ്‌കര്‍ മടങ്ങിയത്.
Read also: ‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു







































