ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ ആര് ഹരികുമാര്‍ ചുമതലയേറ്റു. ഇത് ആദ്യമായാണ് ഒരു മലയാളി ഇന്ത്യൻ നാവിക സേനയുടെ തലപ്പത്ത് എത്തുന്നത്. ഡെൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ അഡ്മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറൽ ആര് ഹരികുമാര്‍ ഏറ്റെടുത്തു.
സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്ന് വൈസ് അഡ്മിറൽ ആർ ഹരികുമാർ പ്രതികരിച്ചു. ആഴക്കടൽ സുരക്ഷയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റത്. 2024 ഏപ്രിൽ മാസം വരെയാകും കാലാവധി. പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര് ഹരികുമാര്‍ എത്തുന്നത്.
തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് രൺവീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പരം വിശിഷ്ഠ് സേവ മെഡൽ, അതി വിശിഷ്ഠ് സേവാമെഡൽ, വിശിഷ്ഠ് സേവാമെഡൽ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Most Read: ഒമൈക്രോണിനെതിരെ സ്പുട്നിക് വാക്സിൻ ഫലപ്രദമെന്ന് റഷ്യ







































