തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിക്കെതിരെ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കാണും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ സമീപിക്കുന്നത്. അതേസമയം തിരക്കുപിടിച്ച് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൂടുതൽ നിയമോപദേശം തേടാനും സാധ്യതയുണ്ട്.
ലോകായുക്‌തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതും അപ്പീല്‍ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കുന്നതുമായ ഓർഡിനൻസാണ് വിവാദമായിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിന് ഗവര്‍ണര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ഹൈക്കോടതിയുടെ പോലും അധികാരം കവരുന്നതുമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓർഡിനൻസ് അംഗീകരിക്കരുതെന്നാണ് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെടുക.
വിഡി സതീശന് പുറമേ സംഘത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമുണ്ടാകും. രണ്ടാഴ്‌ച കഴിഞ്ഞ് നിയമസഭ ചേരാനിരിക്കുന്നതിനാല്‍ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിന്റെ ഔചിത്യവും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. അല്ലാതെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണരും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്‌ചയുടെ അടിസ്‌ഥാന തത്വങ്ങള്‍ക്കെതിരാണെന്ന വാദവും പ്രതിപക്ഷം ഗവര്‍ണര്‍ക്കു മുന്നില്‍ വെക്കും.
സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം കേട്ടശേഷം ഗവര്‍ണര്‍ക്ക് നിയമോപദേശം തേടാം. കൂടാതെ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. ഇതൊന്നുമല്ലെങ്കില്‍ നിയമസഭാ സമ്മേളനം വരെ തീരുമാനം നീട്ടിവെക്കാം. ഇതില്‍ ഏതാവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുക എന്നത് നിർണായകമാകും.
Also Read: ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ്








































