ഡെൽഹി: പെഗാസസിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന് പെഗാസസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്‌തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു എന്നും അദ്ദേഹം ചോദിച്ചു. ആർക്കാണ് അതിൻ്റെ റിപ്പോർട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്ര ഗുരുതരമായ വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം ചെയ്‌തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിലാണ് യെച്ചൂരിയുടെ പ്രതികരണം. പെഗാസസ് 2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട് ചെയ്‌തു.
Kerala News: സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ








































