മലപ്പുറം: സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ തിരൂരിലും പ്രതിഷേധം. കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. തിരൂർ നഗരസഭാ ചെയർപേഴ്സൺ അടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മർദ്ദിച്ചത്. തിരൂർ ഫയർസ്റ്റേഷന് സമീപത്തെ ഭൂമിയിൽ സർവേക്കല്ല് ഇടാൻ ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പ്രതിഷേധം തടയാനെത്തിയ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് തിരൂർ നഗരസഭാ ചെയർപേഴ്സൺ നസീമ പറഞ്ഞു. രണ്ട് വനിതാ പോലീസുകാർ ഒഴിച്ച് ബാക്കിയെല്ലാവരും പുരുഷൻമാരായിരുന്നു. പോലീസുകാർ വളരെ മോശമായാണ് പെരുമാറിയതെന്നും നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പോലീസുകാർ വലിച്ചിഴച്ചു കൊണ്ടു പോയെന്നും അവർ ആരോപിച്ചു.
തിരൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിക്കേറ്റിട്ടുണ്ടെന്ന് നസീമ പറഞ്ഞു. ഇയാളുടെ മുട്ടിനാണ് പരിക്കേറ്റത്. ഒരു കൗൺസിലറെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സർക്കാരിന്റെ നിർദ്ദേശമാണെന്നും അതിനാൽ എങ്ങനെയും നടപ്പിലാക്കുമെന്ന നിലപാടിലാണ് പോലീസെന്നും നസീമ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.
Most Read: വിസ്മയ കേസ്; പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്താരം പൂർത്തിയായി






































