പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ മാർച്ചിൽ സംഘർഷം. ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി പാലക്കാട് ആർഡിഒ ഓഫിസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ റെയിൽ എന്നെഴുതിയ കുറ്റികളുമായി ആർഡിഒ ഓഫിസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് ബലം പ്രയോഗിച്ചു നീക്കുന്നതിനിടെ പ്രവർത്തകരിൽ ഒരാൾ കെ റെയിൽ കുറ്റി ആർഡിഒ ഓഫിസ് വളപ്പിലേക്ക് എറിഞ്ഞു. ഇതിനിടെ ഓഫിസ് വളപ്പിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഈ കുറ്റി എടുത്ത് തിരിച്ചെറിഞ്ഞു.
തുടർന്നാണ് സ്ഥലത്ത് സംഘർഷം ഉണ്ടായത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
Most Read: ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി







































