തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ളാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ളിമെന്ററി പരീക്ഷകൾ ഇനി അടുത്ത സെപ്റ്റംബറിൽ മാത്രമേ നടത്തൂ. വിദ്യാർഥികൾ സമരം നിർത്തി തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർഥികൾ പറയുന്നത്. പാഠഭാഗങ്ങളും പരിശീലനവും പൂര്ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്നലെ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചത്. എന്നാൽ, തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സർവകലാശാലയുടെ വിശദീകരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 80 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 120 പേർ പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷയിൽ നിന്നും വിട്ടുനിന്നു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ 216 വിദ്യാർഥികളിൽ 20 പേരും, കോട്ടയം മെഡിക്കൽ കോളേജിൽ 150 പേരിൽ 55 പേരും മാത്രമാണ് പരീക്ഷക്കെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിലും പ്രതിഷേധത്തെ തുടർന്ന് 60 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്.
ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട അവസാന വർഷ വിദ്യാർഥികളുടെ സിലബസ് 6 മാസം കൊണ്ട് തീർത്ത് പരീക്ഷ നടത്തുകയാണെന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതി. എന്നാൽ ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരം ബോർഡ് ഓഫ് എക്സാമിനേഷൻ ആണ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് ആരോഗ്യ സർവകലാശാല നൽകുന്ന വിശദീകരണം. വിദ്യാർഥികളുടെ ഇനിയുള്ള പ്രതീക്ഷ കോടതിയിലാണ്. ഏപ്രിൽ നാലിനാണ് കോടതി കേസ് പരിഗണിക്കുക.
Most Read: ലോക്ക്ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്








































