ചെന്നൈ: രജനീകാന്തിന് തമിഴ്നാട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് സ്വത്തുനികുതിയായി 6.50 ലക്ഷം അടക്കണമെന്ന ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ നീക്കത്തിനെതിരെ രജനീകാന്ത് സമർപ്പിച്ച ഹരജിയിൽ ആണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. സമയം പാഴാക്കുകയാണോ എന്ന് ചോദിച്ച ഹൈക്കോടതി, നികുതിക്കെതിരെ കോടതിയെ സമീപിച്ചതിന് കോടതിച്ചെലവ് ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ രജനീകാന്ത് ഹരജി പിൻവലിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ 2020 മാർച്ച് 24 മുതൽ മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും കാണിച്ചാണ് രജീനികാന്ത് കോടതിയെ സമീപിച്ചത്. ഓരോ ആറുമാസം കൂടുമ്പോഴാണ് സ്വത്ത് നികുതി നോട്ടീസ് അയക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സ്വത്ത് നികുതി നോട്ടീസ് ആയിരുന്നു കഴിഞ്ഞദിവസം അയച്ചത്.
Kerala News: എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എന്നാൽ, ഇത്തരത്തിലുള്ള കേസുമായി എത്തി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. താങ്കളുടെ നിവേദനം തീർപ്പാക്കണമെന്നു കോർപറേഷൻ അധികൃതരോട് നിർദ്ദേശിക്കുന്നതല്ലാതെ കോടതിക്ക് മറ്റു ജോലികളൊന്നും ഇല്ലാ എന്നാണോ കരുതുന്നതെന്നു ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. സ്വത്ത് നികുതിക്ക് സ്വത്തിൽ നിന്നുള്ള വരുമാനവുമായി യാതൊരുവിധ ബന്ധമില്ലെന്നും ഇത്തരം കാര്യങ്ങൾ കോർപ്പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.