ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനതല വാര് റൂം ടീമിനെ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്കി.
കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ വാര് റൂമിന്റെ ചെയര്‍മാനായി ശശികാന്ത് സെന്തിലിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വാര് റൂമിന്റ മേല്‍നോട്ടം നിര്‍വഹിക്കും. 2019ല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന്റെ വീഴ്ചക്ക് കാരണമായ വിമത എംഎല്‍എമാരില്‍ ചിലരെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണ്. ഇവരില്‍ പല എംഎല്‍എമാരും ഇപ്പോള്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ മന്ത്രിമാരാണ്.
ഭാരതി ബസവരാജ്, എസ്ടി സോമശേഖര്‍ അടക്കമുള്ള എംഎല്‍എമാരെ മടക്കിക്കൊണ്ട് വരാനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപിക്ക് സ്വന്തം നിലക്ക് അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന ഈ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമതരോട് പറയുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്ക് മന്ത്രി സ്ഥാനം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കിയാണ് വിമതരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വിമതര്‍ ഇതുവരെ കോണ്‍ഗ്രസിന്റെ നിർദ്ദേശത്തോട് പ്രതികരിച്ചിട്ടില്ല.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഈ ശ്രമത്തിനെതിരാണ്. പാര്‍ട്ടിയെ ചതിച്ച വിമതരെ തിരികെയെത്തിക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. അത്തരമൊരു നീക്കം നടത്തുന്നില്ലെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സലീം അഹമ്മദ് പ്രതികരിച്ചത്.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’