ന്യൂഡെൽഹി: കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷം സംസാരിക്കുക ആയിരുന്നു രാഹുൽ. മധ്യപ്രദേശിൽ കോൺഗ്രസ് 150-ലധികം സീറ്റുകൾ നേടുമെന്നാണ് രാഹുൽ പറയുന്നത്.
കർണാടക തിരഞ്ഞെടുപ്പിൽ കണ്ട മാജിക് മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും ആവർത്തിക്കും. സംസ്‌ഥാനത്തെ 230 നിയമസഭാ സീറ്റുകളിൽ 150-ലധികം സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് വിലയിരുത്തൽ- രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതം ആക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഓരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം, നാലര മാസം കഴിഞ്ഞാണ് തിരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും വ്യക്‌തമാക്കി. ഡെൽഹിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ദിഗ്‌വിജയ് സിങ് ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.
Most Read: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി