തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു.
ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു. അഞ്ചാംപനിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷന്. അതിനാല്‍ വാക്സിനേഷന് വിമുഖതയകറ്റാന്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി യോഗത്തിൽ അഭ്യർഥിച്ചു. മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തപ്പോൾ തന്നെ ജാഗ്രതാ നിര്‍ദേശം നൽകുകയും മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രത്യേക അവലോകന യോഗം വിളിക്കുകയും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു, -മന്ത്രി വിശദീകരിച്ചു.
പ്രതിരോധ പ്രവർത്തനത്തിന് വിവിധ വകുപ്പുകൾ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്മാനും യോഗത്തിൽ ആവശ്യപ്പെട്ടു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന് എടുത്തെന്ന് ഉറപ്പ് വരുത്താനും ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷന് കൂടുതല്‍ ശക്തിപ്പെടുത്താനും ഒപ്പം വിറ്റാമിന്‍ എയുടെ ലഭ്യത ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വാക്സിനേഷന് വേഗത്തിലാക്കാനും സബ് സെന്റര്‍, വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടാനും മൊബൈല്‍ വാക്സിനേഷന് ടീമിന്റെ സഹകരണത്തോടെ സ്കൂള്‍, അങ്കണവാടി തലത്തില്‍ വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലയില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിർദ്ദേശിച്ചു.
അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസല്‍സ്, റുബല്ല അഥവാ എംആര്‍ വാക്സിന് നല്‍കുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്സിന് നല്‍കുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടന്‍ ആദ്യ ഡോസ് എംആര്‍ വാക്സിനും പതിനാറാം മാസം കഴിഞ്ഞാലുടന്‍ രണ്ടാം ഡോസും നല്‍കണം. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികള്‍ക്ക് 5 വയസുവരെ വാക്സിന് എടുക്കാവുന്നതാണ്. -മന്ത്രി വീണാജോർജ് വിശദീകരിച്ചു.
Most Read: ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം








































